08:41pm 25 June 2026
NEWS
വീർപ്പുമുട്ടിക്കുന്ന വിഷയങ്ങൾ: ഭരണപക്ഷവും പ്രതിപക്ഷവും കേരളത്തിൽ
25/06/2026  04:27 PM IST
അഡ്വ.എം. മനോഹരൻപിള്ള
വീർപ്പുമുട്ടിക്കുന്ന വിഷയങ്ങൾ: ഭരണപക്ഷവും പ്രതിപക്ഷവും കേരളത്തിൽ

ഇൻഡ്യാരാജ്യത്ത് തെരഞ്ഞെടുപ്പുനടന്ന എല്ലാ സംസ്ഥാനങ്ങളിലും ഭരണകക്ഷികളും പ്രതിപക്ഷങ്ങളും ഒരുപോലെ രാഷ്ട്രീയ പ്രശ്‌നങ്ങളാൽ വീർപ്പുമുട്ടലുകളിലാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ എൻ.ഡി.എ മുന്നണി തിരിച്ച് അധികാരത്തിൽ കയറിയ ആസാമിലും പുതുച്ചേരിയിലും അധികാരം പിടിച്ചെടുത്ത പശ്ചിമബംഗാളിലും രാഷ്ട്രീയ സ്ഥിതിഗതികൾ വ്യത്യസ്തമായിരിക്കുന്നു. ബംഗാളിൽ മൂന്നുതവണ സി.പി.എമ്മിനെ തോൽപ്പിച്ച് ഭരണത്തിലേറി അഴിഞ്ഞാടിയ മമത ബാനർജി തെരഞ്ഞെടുപ്പിൽ സ്വയം തോറ്റു. തൃണമൂൽ പാർട്ടി നാമാവശേഷമായി.  എം.എൽ.എമാർ ഭൂരിപക്ഷവും പാർട്ടി വിട്ടു. ദൽഹിയിൽ രാജ്യസഭയിലും ലോക്‌സഭയിലും ബി.ജെ.പി മുന്നണിയോട് അവർ അടുത്തുകൊണ്ടിരിക്കുന്നു.

തമിഴ്‌നാട്ടിൽ ഭൂരിപക്ഷം ഒപ്പിച്ചെടുത്ത ജോസഫ് വിജയ് സ്വസ്ഥനായെങ്കിലും തമിഴ്‌നാട് രാഷ്ട്രീയം പൂർണ്ണമായും ദ്രാവിഡ ഭരണത്തിനെ കൈവെടിഞ്ഞില്ല. വീണ്ടും ഒരു തെരഞ്ഞെടുപ്പുവന്നാലെ, വിജയ്‌യുടെ തന്ത്രം മനസ്സിലായാലെ കോൺഗ്രസും മുസ്ലീംലീഗും ഇടതുപക്ഷങ്ങളും ടി.വി.കെ മുന്നണിയിൽ ഉണ്ടാകുമോയെന്ന് പറയാൻ കഴിയൂ. ഈ കക്ഷികൾ ഉൾപ്പെട്ട ഡി.എം.കെ മുന്നണിയെ തോൽപ്പിച്ചാണ് വിജയ് അധികാരത്തിനടുത്തെങ്കിലും എത്തിയത്. അവരെക്കൂട്ടി ഒരു മുന്നണി വിജയ്‌യുടെ പ്രതിച്ഛായ തകർക്കും. മുസ്ലീംലീഗിനെ പ്രീതിപ്പെടുത്താനാണ് മുരുകഭക്തരായ ഹിന്ദു സമൂഹത്തെ ഡി.എം.കെ ബലി കൊടുത്തതും -ബി.ജെ.പിയെ വെല്ലുവിളിക്കാനും കോൺഗ്രസിനെ സന്തോഷിപ്പിക്കാനും വേണ്ടി ഉദയഗിരിയെ സനാതന ധർമ്മത്തിനെതിരെ രംഗത്തിറക്കിയതും. ദ്രാവിഡരെയും ഹിന്ദുക്കളെയും തകർത്ത് സി.എസ്.ഐ ക്രിസ്ത്യാനികളുടെ ഭരണം ചുളുവിൽ സിനിമാറ്റിക് സ്റ്റൈലിൽ വിജയ് നേടിയിരിക്കുന്നു. ഭാവിയിൽ മാർത്താണ്ഡം കേന്ദ്രമാക്കി ഇപ്പോൾ കേരളത്തിന്റെ ഭാഗമായ പഴയ തിരുവാങ്കോട് അടങ്ങുന്ന പാറശ്ശാലയും നെയ്യാറ്റിൻകരയും കാട്ടാക്കടയും കോവളവും അടങ്ങുന്ന മണ്ഡലങ്ങളും ഇടുക്കിയും മൂന്നാറുമെല്ലാം തമിഴ്‌നാടിന്റെ ഭാഗമാക്കുന്ന സി.എസ്.ഐ രാഷ്ട്രീയമാണ് വിജയ്‌യുടെ ദീർഘകാല സ്വപ്നം. ആ കണ്ണ് കടൽ വഴിയാകുമ്പോൾ വിഴിഞ്ഞം വരെ നോക്കിയേക്കാം.

മുല്ലപ്പെരിയാറിൽ അബദ്ധം ആവർത്തിക്കരുത്

മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ തമിഴ്‌നാട് നയം വ്യക്തമാക്കിയിട്ടുണ്ട്. പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ നീക്കം വിമർശിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ കരാറിലെ തിരുവിതാംകൂർ മഹാരാജാവിന്റെ പങ്ക് ചില ചരിത്രകാരന്മാർ വിമർശിച്ചിട്ടുണ്ട്. എന്നാൽ സി. അച്യുതമേനോന്റെ ഭരണകാലത്താണ് കരാറിന്റെ കാലാവധി നീട്ടിക്കൊടുത്തത്. കേരളത്തിലെ രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും പിന്തുണ തമിഴ്‌നാടിനായിരുന്നു. കമ്മ്യൂണിസ്റ്റുകാർക്ക് പിന്തുണയുള്ള കമ്പം, തേനി ഉൾപ്പെടെ വരുന്ന മധുര ജില്ലവരെ വരുന്ന തമിഴ്‌നാടിന്റെ ഭാഗങ്ങളിൽ പെരിയാറിലെ വെള്ളം ലഭ്യമാക്കാനുള്ള കമ്മ്യൂണിസ്റ്റ് അജണ്ടയാണ് 57 ലെ ഇ.എം.എസ് സർക്കാർ മുതൽ കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരുന്നത്.

കമ്മ്യൂണിസ്റ്റ് പാരമ്പര്യങ്ങളെ ചോദ്യം ചെയ്ത് കേരളത്തിനനുകൂലമായ നിലപാടെടുക്കാൻ ചങ്കൂറ്റം കാണിച്ച ഏക കമ്മ്യൂണിസ്റ്റ് നേതാവ് വി.എസ്. അച്യുതാനന്ദൻ ആയിരുന്നു. അദ്ദേഹം ഇടതുപക്ഷ കൺവീനർ ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ ജലസേചനമന്ത്രി ബേബിജോണിനെക്കൊണ്ട് പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയിൽ ഫയൽ ചെയ്യിപ്പിച്ചു. സി.പി.എം പോളിറ്റ് ബ്യൂറോ ഇടപെട്ട് ഹർജിയിൽ ചില്ലറ മാറ്റങ്ങൾ വരുത്തുകയും വി.എസിനെ സി.പി.എം പിബി താക്കീതുചെയ്യുകയും ചെയ്തു എന്നതാണ് ചരിത്രം. ബേബിജോൺ രോഗബാധിതനായപ്പോൾ തുടർമന്ത്രിയായ വി.പി. രാമകൃഷ്ണപിള്ള മാറ്റങ്ങൾ തുടർന്നു. പിന്നീട് വന്ന ആന്റണി സർക്കാരിനും വി.എസിന്റെ പാത അംഗീകരിക്കേണ്ടി വന്നു. അപ്പോഴേക്കും മുഖ്യമന്ത്രിയാകാനുള്ള പരക്കം പാച്ചിലിൽ പിണറായി പാർട്ടിയിൽ പ്രബലനായി. പക്ഷേ 2006 ൽ വി.എസ്. മുഖ്യമന്ത്രിയും എൻ.കെ. പ്രേമചന്ദ്രൻ ജലസേചനമന്ത്രിയുമായി. പുതിയ ഡാം മുല്ലപ്പെരിയാറിൽ പണിയാൻ തീരുമാനിച്ചു.

രണ്ട് സംസ്ഥാനങ്ങൾ, ഒരു ഗവർണ്ണർ, മുല്ലപ്പെരിയാർ വിഷയത്തിൽ രണ്ട് നയപ്രഖ്യാപനങ്ങൾ

തമിഴ്‌നാടും കേരളവും രണ്ടു സംസ്ഥാനങ്ങളാണെങ്കിലും ഒറ്റഗവർണ്ണർ -രാജേന്ദ്ര ആർലേക്കർ. ടി.വി.കെ മുഖ്യമന്ത്രി വിജയ് ജോസഫിന്റെ കൂട്ടുമന്ത്രിസഭയിൽ കോൺഗ്രസും ഒരു ഘടകകക്ഷിയാണ്. ഒപ്പം ഇടതുപക്ഷവും മുസ്ലീംലീഗും കൂട്ടത്തിൽ. വി.ഡി. സതീശൻ നയിക്കുന്ന കോൺഗ്രസിനാണ് കൂട്ടുകക്ഷി നേതൃത്വം. ഇവിടെ മുസ്ലീംലീഗും ഒപ്പമുണ്ടെങ്കിലും, ഇടതുപക്ഷം പ്രതിപക്ഷമാണ്.
തമിഴ്‌നാട്ടിൽ ഗവർണ്ണർ നടത്തിയ നയപ്രഖ്യാപനത്തിൽ മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം സുപ്രീംകോടതിയിൽ സ്വീകരിക്കുന്ന നിലപാടുകളെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. പെരിയാറിൽ സ്വന്തമായി പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ ഉറച്ച തീരുമാനം തമിഴ്‌നാട്ടിൽ ഗവർണ്ണർ നയപ്രഖ്യാപനത്തിൽ വിമർശിച്ചിട്ടുണ്ട്.

കേരളത്തിലെ നയപ്രഖ്യാപനത്തിൽ സംസ്ഥാനത്തിന്റെ മുല്ലപ്പെരിയാർ വിഷയത്തിലുള്ള നയം ഗവർണ്ണർ വ്യക്തമാക്കി കഴിഞ്ഞിരുന്നു.
രണ്ട് സംസ്ഥാനത്തിലും ചുമതലയുള്ള ബി.ജെ.പിക്കാരനായ ഗവർണ്ണർ തന്റെ ചുമതലാ നിർവ്വഹണത്തിന്റെ ഭാഗമായി രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും മന്ത്രിസഭകളും എഴുതിക്കൊടുത്ത പ്രസംഗങ്ങൾ ഗവർണ്ണർ വായിച്ചുതള്ളി എന്നുമാത്രമാണ് രാഷ്ട്രീയ നിരീക്ഷകർ കൽപ്പിച്ചുകൊടുക്കുന്ന പ്രാധാന്യം.

മറ്റ് വീർപ്പുമുട്ടൽ വിഷയങ്ങൾ

എന്റെ പേര് പഠിക്കുന്ന കാലം മുതൽ എം. മനോഹരൻ പിള്ള എന്നായിരുന്നു. പാർട്ടിയിലും പൊതുരംഗത്തും ട്രേഡ് യൂണിയനിലും പിന്നെ 'കേരളശബ്ദ'ത്തിൽ സ്ഥിരം ലേഖകനുമായപ്പോൾ എം. മനോഹരനായി. 1996 മുതൽ എൻ.എസ്.എസ്, വനംവികസന കോർപ്പറേഷൻ ചെയർമാനും കേന്ദ്ര ബാങ്ക് ഡയറക്ടറും മുന്നോക്കക്കമ്മീഷൻ മെമ്പറും ഒക്കെ ആയപ്പോൾ ഞാൻ എം. മനോഹരൻ പിള്ളയായി. മുഖ്യമന്ത്രി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വടശ്ശേരി ദാമോദരമേനോൻ എന്ന തന്റെ അച്ഛന്റെ പേര് സത്യപ്രതിജ്ഞാവാചകത്തിന്റെ മുൻഭാഗത്ത് ചേർത്തത് സാമൂഹ്യമാധ്യമങ്ങൾ ഉൾപ്പെടെ വിമർശനമാക്കി. എന്റെ അനുഭവം വച്ചാണെങ്കിൽ അത് ശരിയായിരുന്നു നൂറുശതമാനം. തിരുവനന്തപുരത്ത് പരിചയപ്പെടുമ്പോൾ ജാതിതിരിച്ചറിയാൻ ഞാൻ പലപ്പോഴും എന്റെ അമ്മാവനായിരുന്ന പ്രമുഖ പത്രപ്രവർത്തകൻ തറയിൽ ചെല്ലപ്പൻപിള്ളയുടെ അനന്തിരവനാണെന്ന് പറയുമായിരുന്നു.

പിന്നെ വന്ന വിവാദം അഡ്വക്കേറ്റ് ജനറലിന്റെ നിയമനമായിരുന്നു. അഡ്വ. ജാജുബാബു ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനാണ്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഏറ്റവും വിശ്വസ്തനാണ്. അതൊരു കുറ്റമാണ്. അതാണ് ശരിയും ന്യായവും.
മുൻപൊരിക്കൽ അഡ്വ. ദണ്ഡപാണിയെ ജഡ്ജിയായി നിയമിച്ചു. അദ്ദേഹം മനോരമയുടെ വക്കീൽ ആണെന്ന് വിശേഷണം വന്നു. അദ്ദേഹം ഗോകുലം ഗോപാലന്റെ വക്കീലാണെന്ന് ആരോപണം ഉയർന്നു. അഡ്വ. ജാജുബാബു വെള്ളാപ്പള്ളിയുടെ വക്കീലാണെന്ന് ആക്ഷേപം ഉയർന്നപോലെ. പിൽക്കാലത്ത് ജസ്റ്റിസ് ദണ്ഡപാണി വീണ്ടും വക്കീൽപണി തുടർന്നു. ആർക്കും പരാതിയുണ്ടായില്ല. വക്കീലന്മാരുടെ പ്രാഗത്ഭ്യം ആണ് മിക്കകക്ഷികളും നോക്കുന്നത്. അത് സർക്കാരായാലും സാധാരണകക്ഷികളായാലും സർക്കാരുകൾ പോലും മികച്ച വക്കീലിനല്ലേ കേസുകൊടുക്കാറുള്ളൂ. അഡ്വ. പ്രദീപിന്റെ പ്ലീഡർ നിയമനത്തിലും ആ ഗണിതം സ്വീകരിക്കാമായിരുന്നു.

മന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറി നിയമനവും കൊല്ലം ജില്ലാ കളക്ടർ നിയമനവും സംശയത്തിന്റെ നിഴലിലാക്കി. സ്റ്റാഫിന്റെ നിയമനമൊന്നും ബന്ധുനിയമന ഗണത്തിൽപ്പെടുത്താവുന്നതല്ല. കെ.എം. എബ്രഹാം എന്ന മുൻ കിഫ്ബി സി.ഇ.ഒയുമായി ബന്ധപ്പെട്ട് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ പരസ്യമായി ഒരു ചാനലിൽ ഉന്നയിച്ച ആരോപണമാണ് കൊല്ലം ജില്ലാ കളക്ടർ നിയമനത്തെ വിവാദമാക്കിയത്.

പി.എം.ശ്രീ എന്ന ഊരാക്കുടുക്ക്

പി.എം.ശ്രീ വിദ്യാഭ്യാസ പദ്ധതിയെ ഏറ്റവും കൂടുതൽ ആക്രമിച്ചത് ബി.ജെ.പി സർക്കാർ കൊണ്ടുവന്ന, ആർ.എസ്.എസിന്റേയും സംഘപരിവാറിന്റേയും വിദ്യാഭ്യാസ പരിഷ്‌ക്കരണ പരിപാടിയാണെന്നും പറഞ്ഞാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇൻഡ്യാസഖ്യവും പി.എം. ശ്രീയെ എതിർത്തുതുടങ്ങിയത്. തമിഴ്‌നാട്ടിൽ ഡി.എം.കെ സർക്കാർ ഇത് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ബി.ജെ.പി തന്ത്രമായി വ്യാഖ്യാനിച്ചു. അണ്ണാദുരൈ മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിന്റെ മാതൃകയിൽ ട്രെയിനുകളും കേന്ദ്ര സ്ഥാപനങ്ങളും കത്തിക്കുമെന്നും ഭീഷണി മുഴക്കിയ സ്റ്റാലിന്റെ ഭരണം തമിഴ്‌നാട്ടിലെ ജനങ്ങൾ തൂക്കിയെറിഞ്ഞു.

ഇടതുപക്ഷക്കാർക്ക് ഇത് പാരമ്പര്യരോഗം ആണ്. കോൺഗ്രസ് പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ കാലത്ത് കൊണ്ടുവന്ന നവോദയ സ്‌ക്കൂളുകളെ എതിർത്തത് കേരളത്തിൽ ഇടതുപക്ഷങ്ങളാണ്. എന്ത് സംഘപരിവാർ അജണ്ടയാണ് രാജീവ്ഗാന്ധിയുടെ നവോദയ സ്‌ക്കൂൾ കരിക്കുലത്തിലുണ്ടായിരുന്നത്.

കോൺഗ്രസ്സ് ഭരിക്കുന്ന മിക്കവാറും സംസ്ഥാനങ്ങളിൽ പി.എം ശ്രീ നടപ്പിലാക്കിയിട്ടുണ്ട്. പശ്ചിമബംഗാളും കേരളവും ഒഴിച്ചുള്ള കോൺഗ്രസ് ഭരിക്കുന്ന തെലങ്കാന, കർണ്ണാടകം, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പി.എംശ്രീ നടപ്പിലുണ്ട്. കേരളത്തിൽ കെ.വികളിലും നവോദയ സ്‌ക്കൂളുകളിലും പി.എംശ്രീയുണ്ട്. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ മാവേലിക്കര മണ്ഡലത്തിൽപ്പെടുന്ന അടൂർ കെ.വിയിൽ പി.എം.ശ്രീയുണ്ട്. സി.പി.ഐ നേതാവ് ചിറ്റയം ഗോപകുമാർ എം.എൽ.എ ആയിരിക്കുമ്പോഴാണ് അടൂരിൽ പി.എം. ശ്രീ തുടങ്ങിയത്. ബിനോയ് വിശ്വത്തിന്റേയും തോമസ് ഐസക്കിന്റേയും മക്കൾ അമേരിക്കയിലും പിണറായി വിജയന്റെ മകൻ ബ്രിട്ടനിലും പഠിക്കുമ്പോഴാണ് കേരളത്തിൽ പഠിക്കുന്ന സാധാരണക്കാരുടെ മക്കൾക്ക് പി.എം.ശ്രീ ആനുകൂല്യം.

ആരാണ് കള്ളം പറയുന്നത്?

പി.എം.ശ്രീ കാര്യത്തിൽ തറപ്പിച്ചുനിന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ സ്വരം മാറ്റി. സംസ്ഥാനം കൈപ്പറ്റിയ കാശിന്റെ കണക്കുകളും പറഞ്ഞിരുന്നു. പദ്ധതിയിൽ ഒരിക്കൽ ഒപ്പുവച്ചുകഴിഞ്ഞാൽ അതിൽ നിന്നും പിൻവലിയണമെങ്കിൽ കേന്ദ്രം അനുവദിക്കണം. ഒരു പദ്ധതിയിൽ ഒപ്പുവച്ചുകഴിഞ്ഞാൽ എല്ലാ നിബന്ധനകളും അംഗീകരിക്കാൻ ബാധ്യസ്ഥരാണ്. ഫണ്ട് നൽകുന്നത് ഔദാര്യമല്ലെന്നൊക്കെ മൈക്കിലൂടെ പ്രസംഗിച്ചു നടക്കാം. കാശുകിട്ടണമെങ്കിൽ നിബന്ധനകൾ അംഗീകരിക്കണം. ഭൂരിഭാഗം സംസ്ഥാനങ്ങളും അംഗീകരിച്ചു നടപ്പിലാക്കിയ പി.എം.ശ്രീ മാധ്യമങ്ങൾക്ക് ഒരാഘോഷമാണ്. പാവപ്പെട്ട കുട്ടികളുടെ ഭാവിയാണ് അവതാളത്തിലാകുന്നത്. ഒരു സ്‌ക്കൂളിന് ഒരു കോടി കണക്കിൽ 60:40 അനുപാതം കേന്ദ്രവും സംസ്ഥാനവും മുടക്കണം.

രാഷ്ട്രീയം പറയുന്നവർക്ക് ചർച്ചയാകാം. ഇടവും വലവും നോക്കണം. പി.കെ. കുഞ്ഞാലിക്കുട്ടിയൊക്കെ സ്വരം മാറ്റിക്കഴിഞ്ഞു. മുമ്പ് അഭിപ്രായം പറഞ്ഞപ്പോൾ തമിഴ്‌നാട്ടിലെ സ്റ്റാലിന്റെ മാർഗ്ഗമാണ് കുഞ്ഞാലിക്കുട്ടി നിർദ്ദേശിച്ചത്. ഇപ്പോൾ സ്റ്റാലിന്റെ മുന്നണിയിൽ ലീഗില്ല. സ്റ്റാലിൻ ഇൻഡ്യാ സഖ്യത്തിലുമില്ല. ഇനി ഇപ്പോൾ ഒറ്റമാർഗ്ഗമേ ലീഗിന്റെ മുന്നിലുള്ളൂ. ദൽഹിയിലുള്ള വക്കീലന്മാർക്ക് സർക്കാരിന്റെ കുറച്ചുകാശ് കൊടുക്കാം. മിച്ചം ഗോപി വരയ്ക്കലായിരിക്കും.

വാസുകി എന്താ ഒന്നും മിണ്ടാത്തത്? എന്താ ആരും ഒന്നും ചോദിക്കാത്തത്?

പി.എം ശ്രീ കരാർ ഒപ്പിട്ടകാലത്തെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ആയിരുന്നു. പക്ഷേ സെക്രട്ടറി ശ്രീമതി വാസുകിയായിരുന്നു എന്നെനിക്ക് ഉറപ്പില്ല. പക്ഷേ സി.പി.ഐക്കാരുടെ സമ്മർദ്ദത്തെ തുടർന്ന് കരാർ മരവിപ്പിക്കാൻ കത്ത് നൽകിയത് വാസുകി തന്നെയാണ്.
ഇപ്പോഴും സി.പി.എംകാരും സി.പി.ഐക്കാരും പിണറായി വിജയനും ശിവൻകുട്ടിയും മുഖ്യമന്ത്രിയും മാധ്യമങ്ങളും എല്ലാം ഒളിച്ചുകളിക്കുകയാണ്. എന്തിനാണ് ഈ കളി. കേന്ദ്രം ഇതെല്ലാം തുറന്നുപറയുമ്പോൾ ചാടിപ്പിടിക്കാൻ നോക്കിയിരിക്കുകയാണോ?
'വാസുകി രാജ്യം വിട്ടുപോയിട്ടില്ല. ലോക്ഭവനിൽ ഉണ്ട്. ഗവർണ്ണറുടെ സെക്രട്ടറിയായി. കേരള സർവ്വീസിലെ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് അവരെ വിളിച്ചുവരുത്തിക്കൂടാ. വിവരങ്ങൾ ചോദിച്ചറിയുക. ജനങ്ങളോട് കാര്യങ്ങൾ തുറന്നുപറയുക. കൺഫ്യൂഷൻ ഒഴിവാക്കുക. സത്യം വിജയിക്കട്ടെ.'

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img